Saturday, January 25, 2014

മക്കളെ കയറൂരി വിടാതിരിക്കുക

താന്‍ അധ്വാനിക്കുകയും കഷ്‌ടപ്പെടുകയും ചെയ്യുന്നതും, ജീവിക്കുന്നതുപോലും തന്റെ മക്കള്‍ക്കു വേണ്ടിയാണ്‌' എന്നാണ്‌ മിക്ക മനുഷ്യരുടെയും ചിന്താഗതി. ഇത്‌ ആത്മാര്‍ഥവും സത്യസന്ധവുമായ നിലപാടുതന്നെയാണ്‌. മക്കളെപ്പോറ്റുക എന്നത്‌ ജന്തുസഹജമായ വികാരമാണ്‌; മാനവികതയുടെ അടയാളവും. സസ്‌തനികള്‍ മുലയൂട്ടിയും അല്ലാത്തവ ചികഞ്ഞും പെറുക്കിയും ആഹാരം നല്‌കിയും കുഞ്ഞുങ്ങളെ വളര്‍ത്തുന്നു. ഇത്‌ ജന്തുസഹജ വാസന. തൊണ്ണൂറു കഴിഞ്ഞ ഒരു വൃദ്ധന്‌ തന്റെ എഴുപതു കഴിഞ്ഞ മകനോ മകളോ തന്റെ കുട്ടി തന്നെയാണ്‌. ഇത്‌ ജന്തുസഹജമല്ല, മാനവികതയാണ്‌. മനുഷ്യന്‍ തന്റെ മക്കളെ `വളര്‍ത്തി'ക്കൊണ്ടുവരുന്നു. എങ്ങനെ? അതൊരു പ്രധാന വിഷയമാണ്‌. മനുഷ്യനോളം പഴക്കമുള്ള ഒരു സമ്പ്രദായം. മതങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും അതില്‍ വ്യക്തമായ കാഴ്‌ചപ്പാടുണ്ട്‌. ആധുനിക വിജ്ഞാനീയങ്ങളില്‍ `പാരന്റിംഗ്‌' ഒരു പ്രധാന വിഷയമാണ്‌. മക്കളെപ്പോറ്റാന്‍ പഠിപ്പിക്കണോ?!

നവജാത ശിശുക്കളെ അമ്മ മുലയൂട്ടുന്നു. അച്ഛന്‍ വേണ്ട സംരക്ഷണം നല്‌കുന്നു. കുടുംബം മൊത്തം സഹകരിക്കുന്നു. പിന്നീട്‌ ശൈശവം, ബാല്യം, കൗമാരം എന്നീ പ്രകൃതിപരമായ അവസ്ഥകളുടെ വിവിധ ഘട്ടങ്ങളിലൂടെ കുഞ്ഞുങ്ങള്‍ കടന്നുവരുമ്പോള്‍ അവര്‍ക്ക്‌ പരിചരണം ആവശ്യമാണ്‌. സമീകൃതാഹാരത്തിലൂടെ ക്രമപ്രവൃദ്ധമായ ശാരീരിക പോഷണം നടക്കുന്നു. കളികളും വ്യായാമങ്ങളും ആരോഗ്യം നിലനിര്‍ത്തുന്നു. വിദ്യാഭ്യാസത്തിലൂടെ അകക്കണ്ണ്‌ തുറക്കുന്നു. ഹൃദ്യമായ പെരുമാറ്റങ്ങളിലൂടെയും ഇടപഴകലിലൂടെയും അവരുടെ വ്യക്തിത്വം വികസിക്കുന്നു. മനുഷ്യന്റെ മാത്രം പ്രത്യേകതയായ കുടുംബവും ബന്ധങ്ങളും തിരിച്ചറിയാന്‍ അവസരം ലഭിക്കുന്നു. ഇതിനൊക്കെ ഉപരിയായി ധര്‍മബോധവും സദാചാര മൂല്യങ്ങളും നല്‌കി അവരിലെ `യഥാര്‍ഥ മനുഷ്യന്‌' ഉയിരേകുന്നു. ഇങ്ങനെ ശരീരവും ബുദ്ധിയും മനസ്സും ആത്മാവും ഉള്ള ഒരു പൂര്‍ണ വ്യക്തിയായിത്തീരുന്ന കുട്ടി സമൂഹത്തിന്റെ അവിഭാജ്യഘടകമായ ഒരംഗം കൂടിയാണ്‌. ഇങ്ങനെ ഒരു മനുഷ്യനെ വളര്‍ത്തിയെടുക്കുന്നതില്‍ മാതാവ്‌, പിതാവ്‌, കുടുംബങ്ങള്‍, ബന്ധുക്കള്‍, അയല്‍ക്കാര്‍, ഗുരുനാഥന്മാര്‍, സഹപാഠികള്‍, സുഹൃത്തുക്കള്‍ തുടങ്ങി വിവിധ തലങ്ങളിലുള്ളവര്‍ക്കെല്ലാം പ്രത്യേകം പങ്കുകളുണ്ട്‌. ആ കുട്ടി പ്രായപൂര്‍ത്തിയും വിവേകവും എത്തിച്ചേരുമ്പോള്‍ അവന്‍/ അവള്‍ സ്വതന്ത്ര മനുഷ്യനായി മറ്റൊരു കുടുംബത്തിന്റെ ആരംഭം കുറിക്കുന്നു; ദാമ്പത്യത്തിലൂടെ.


യഥാര്‍ഥ മാര്‍ഗത്തിലൂടെയുള്ള ഈ പോക്കിന്‌ ഏതെങ്കിലും തരത്തില്‍ ഭംഗം നേരിട്ടാല്‍ ആ കുട്ടിയുടെ വ്യക്തിത്വത്തെ അത്‌ ബാധിക്കുന്നു. ഇതെല്ലാം ശ്രദ്ധിച്ച്‌ ആവശ്യാനുസരണം ക്രമീകരിക്കുന്നതില്‍ ദത്തശ്രദ്ധരാകേണ്ടത്‌ മാതാപിതാക്കളാണ്‌. അതുകൊണ്ടുതന്നെ പാരന്റിംഗ്‌ അഥവാ മാതാപിതാക്കളുടെ ദൗത്യം നിര്‍വഹിക്കല്‍ വളരെ ഗൗരവപൂര്‍വം കണക്കിലെടുക്കേണ്ട കാര്യമാണ്‌. നമ്മുടെ `ഓമന'യെ നാം ലാളിക്കുമ്പോള്‍ നാം ഉള്‍ക്കൊള്ളേണ്ട ഒരു യാഥാര്‍ഥ്യമുണ്ട്‌: `ഇവന്‍/ഇവള്‍ നാളെ ഈ സമൂഹത്തിന്റെ `ഓമന'യായിത്തീരേണ്ടതുണ്ട്‌.' ഇതു പക്ഷേ, പലരും മറക്കുകയാണ്‌. ജീവിതസാഹചര്യങ്ങളുടെ പ്രാതികൂല്യങ്ങളുടെ നൈരന്തര്യവും ചിലര്‍ക്ക്‌ തടസ്സമാകാറുണ്ട്‌. അജ്ഞതയോ കാര്യബോധമില്ലായ്‌മയോ ആണ്‌ മറ്റു ചിലര്‍ക്ക്‌ പ്രശ്‌നം. അഹന്തയും സ്വാര്‍ഥതയും സാമ്പത്തിക സുസ്ഥിതിയും കാരണമായി സമൂഹത്തെ മറക്കുന്ന രക്ഷിതാക്കളും ഉണ്ട്‌. അലംഭാവവും അനാസ്ഥയും മൂലം അവസരം പാഴായിപ്പോകുന്നവരുമുണ്ട്‌. ഇതിന്റെയൊക്കെ ഫലം വളരുന്ന തലമുറയുടെ ദിശാഭ്രംശമാണ്‌.
പ്രകൃതിപരമായ ഇസ്‌ലാം മനുഷ്യനെ യഥാര്‍ഥ മനുഷ്യനാക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായി ഇളംതലമുറയെ എങ്ങനെ ബോധപൂര്‍വം കൈകാര്യം ചെയ്യാമെന്ന്‌ പഠിപ്പിച്ചിട്ടുണ്ട്‌. മഹാനായ ഉമറുബ്‌നു അബ്‌ദില്‍ അസീസിന്റെ ഇവ്വിഷയകമായ ഒരു ദര്‍ശനം വളരെ ചിന്തോദ്ദീപകമാണ്‌. ആദ്യത്തെ ഏഴു വര്‍ഷം നിങ്ങള്‍ മക്കളെ ലാളിക്കുക. അടുത്ത ഏഴുവര്‍ഷം അവര്‍ക്ക്‌ നിങ്ങള്‍ സംസ്‌കാരം പകര്‍ന്നുകൊടുക്കുക. അടുത്ത ഏഴു വര്‍ഷം നിങ്ങള്‍ അവരെ കൂട്ടുകാരാക്കുക. പിന്നീട്‌ നിങ്ങള്‍ക്കവരെ സ്വതന്ത്രരായി വിടാം.' നോക്കൂ എത്ര ഉന്നതമായ ദര്‍ശനം! കുട്ടിയുടെ ക്രമപ്രവൃദ്ധമായ വളര്‍ച്ചയുടെ ഘട്ടങ്ങളിലോരോന്നിലും മാതാപിതാക്കള്‍ എങ്ങനെ ഇടപെടണമെന്ന്‌ കാണിക്കുന്നതാണ്‌ ഈ ആശയം. എന്നാല്‍ ശരിയായ ധാരണയില്ലായ്‌മ മൂലം മക്കള്‍ വഴികേടിലാകുന്ന എത്രയോ അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്‌.


`എനിക്കേതായാലും പഠിക്കാന്‍ കഴിഞ്ഞില്ല. മക്കളെങ്കിലും പഠിച്ച്‌ ഉയരണം' എന്ന സാധാരണക്കാരന്റെ ചിന്ത സ്വാഭാവികം. പക്ഷേ, എന്തു പഠിക്കണം, എങ്ങനെ മുന്നോട്ടു പോകണം എന്നതിന്‌ അയാള്‍ക്ക്‌ `ഗൈഡന്‍സ്‌' വേണ്ടതുണ്ട്‌. `ഞാന്‍ കൊടുംപട്ടിണിയില്‍ വളര്‍ന്നു. എന്റെ മക്കള്‍ ദാരിദ്ര്യമറിയാതെ വളരണം.' ഈ ചിന്താഗതിയിലും ഉദ്ദേശ്യശുദ്ധിയുണ്ട്‌. പക്ഷേ, `ദാരിദ്ര്യമറിയാത്ത മക്കളു'ടെ പോക്ക്‌ പലപ്പോഴും എതിര്‍ദിശയിലാകാറുണ്ട്‌. മക്കളുടെ ആഗ്രഹങ്ങള്‍ എങ്ങനെയും പൂര്‍ത്തീകരിച്ചുകൊടുക്കുന്ന രക്ഷിതാക്കള്‍ ഇന്ന്‌ എമ്പാടുമുണ്ട്‌. ഇതു മൂന്നുംകൂടി കൂട്ടിയാല്‍ കിട്ടുന്ന ഉത്തരമെന്താണ്‌? വിദ്യ നേടിയ, ദാരിദ്ര്യമെന്തന്നറിയാത്ത, ആഗ്രഹങ്ങളെല്ലാം പൂര്‍ത്തിയാക്കപ്പെടുന്ന കൗമാരയൗവനങ്ങളാണ്‌ ഒരളവോളം ഇന്നത്തെ സമൂഹത്തിന്റെ `പ്രശ്‌നം' എന്ന്‌ തിരിച്ചറിയാന്‍ നേരമായിരിക്കുന്നു. കുട്ടികളുടെ ആഗ്രഹങ്ങള്‍ എല്ലാം സാധിച്ചു കൊടുക്കുന്നത്‌ ബുദ്ധികേടാണ്‌. കുട്ടികളുടെ ആവശ്യങ്ങള്‍ കഴിവതും സാധിച്ചുകൊടുക്കുകയാണ്‌ വേണ്ടത്‌. ആഗ്രഹങ്ങള്‍ക്ക്‌ അതിരുണ്ടാവില്ല. അതിരില്ലാത്ത ആഗ്രഹങ്ങള്‍ക്ക്‌ എതിരുമില്ലെങ്കില്‍ മനുഷ്യന്‍ അധപ്പതിക്കും തീര്‍ച്ച. ആവശ്യങ്ങളാണെങ്കിലോ? അത്‌ കുട്ടികളെക്കാള്‍ മുതിര്‍ന്നവര്‍ക്കാണറിയുക. ആ അറിവ്‌ വിവേകപൂര്‍വം കൈകാര്യം ചെയ്‌താല്‍ തലമുറകള്‍ നന്നാവും; തീര്‍ച്ച.


നഴ്‌സറി പ്രായം മുതല്‍ കുട്ടികള്‍ കമ്പോളത്തിനടിമകളാകുന്നു. ദൃശ്യമാധ്യമങ്ങളില്‍ നിത്യവും കാണുന്ന പരസ്യവസ്‌തുക്കള്‍ വേണമെന്ന്‌ വാശിപിടിക്കുന്നു. ആഗ്രഹങ്ങള്‍ക്ക്‌ എതിരു നില്‌ക്കാത്ത പണമുള്ളവന്‍ (ഇല്ലാത്തവനും) എല്ലാം വാങ്ങിക്കൊടുക്കുന്നു. കുട്ടികള്‍ മുതിരുന്നു. വിദ്യാലയങ്ങളില്‍ പോകാന്‍ `സമ്മാനം' വേണം. വിപണിയില്‍ കാണുന്ന പുതിയതെല്ലാം വാങ്ങുന്നു. സൗജന്യമായി ലഭിക്കുന്ന പാഠപുസ്‌തകങ്ങള്‍ക്ക്‌ ഒരു വിലയുമില്ല. സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിന്‌ ഒരു വിലക്കുമില്ല. പിതാക്കള്‍ വിദേശത്താണെങ്കില്‍ ഉമ്മയുടെ നിയന്ത്രണം എല്‍ പി സ്‌കൂളിനപ്പുറം പോകുന്നില്ല. യു പി സ്‌കൂളില്‍ നിന്നു തന്നെ മൊബൈല്‍, ഹൈസ്‌കൂളില്‍ ബൈക്ക്‌... ആഗ്രഹങ്ങള്‍ക്ക്‌ വിലക്കുകളില്ല. ബാല്യം പിന്നിടുന്നു. നിറഞ്ഞ കൗമാരം, ആഗ്രഹങ്ങള്‍ പറന്നുനടക്കുന്നു. `വിദേശ രക്ഷിതാവ'ണെങ്കില്‍ പണം ഇഷ്‌ടംപോലെ. കയറും കടിഞ്ഞാണുമില്ലാതെ കുട്ടികള്‍ വിഹരിക്കുന്നു. പോകുന്നതിനും വരുന്നതിനും ഒരു നിയന്ത്രണവുമില്ല. ഇടപഴകലിന്‌ പരിധികളില്ല. ഇടക്കിടെ ടൂര്‍. എവിടേക്കെന്നോ ആരുടെ കൂടെയെന്നോ രക്ഷിതാക്കള്‍ ചോദിക്കാറില്ല. പത്തുപതിനാറു വയസ്സാകുമ്പോഴേക്ക്‌ മാതാപിതാക്കളുടെ പിടിയില്‍ നിന്ന്‌ പൂര്‍ണമായി മുക്തമാകുന്നു. ഇത്തരം കുട്ടികള്‍ക്ക്‌ അരുതായ്‌മകളില്ല. കൗമാര`ത്രില്‍' എന്തിനും ധൈര്യം പകരുന്നു. ഇത്തരക്കാരെ കെണിയില്‍ വീഴ്‌ത്താന്‍ മദ്യലോബികള്‍, മയക്കുമരുന്ന്‌ റാക്കറ്റുകള്‍, കള്ളക്കടത്തിന്റെയും കുഴല്‍പ്പണത്തിന്റെയും ഏജന്റുമാര്‍ തുടങ്ങി നിരവധി ഏജന്‍സികള്‍ വലയും വിരിച്ചിരിക്കുന്നത്‌ വിദ്യാലയപ്പടിക്കല്‍!


ഇതെഴുതുമ്പോള്‍ മുന്നിലൊരു വാര്‍ത്തയുണ്ട്‌. `ആരുമറിയാതെ രാത്രി പുറത്തിറക്കിയ കാര്‍ ലോറിയിലിടിച്ച്‌ വിദ്യാര്‍ഥി മരിച്ചു. കാറിലുണ്ടായിരുന്ന ആറു വിദ്യാര്‍ഥികള്‍ക്ക്‌ പരിക്ക്‌.' നിത്യവാര്‍ത്തകളായ ആയിരത്തിലൊരു സാമ്പിള്‍ മാത്രമാണിത്‌. പതിനേഴു വയസ്സായ ഒരു വിദ്യാര്‍ഥി പുലര്‍ച്ചെ മൂന്നര മണിക്ക്‌ കറങ്ങാനിറങ്ങിയപ്പോഴാണ്‌ സംഭവം. ഈ വാര്‍ത്തയുടെ ശീര്‍ഷകത്തില്‍ തന്നെ വിവേകികള്‍ക്ക്‌ എത്ര `സന്ദേശങ്ങള്‍' അടങ്ങിയിട്ടുണ്ട്‌! ഇത്തരം അനിയന്ത്രിതാവസ്ഥയിലേക്ക്‌ കുടുംബങ്ങള്‍ നീങ്ങിപ്പോകരുത്‌. മാതാപിതാക്കള്‍ മക്കളെ കയറൂരിവിട്ട്‌ അത്യാഹിതത്തിലേക്ക്‌ തള്ളിവിടരുത്‌. സ്വയംകൃത അനര്‍ഥങ്ങള്‍ക്കു ശേഷം ഖേദത്തിന്‌ ഫലമില്ല. മറിച്ച്‌ നാട്ടില്‍ നടക്കുന്ന സംഭവ വികാസങ്ങളില്‍ നിന്ന്‌ പാഠം പഠിക്കുന്നതാണ്‌ വിവേകം.


ആദര്‍ശജീവിതം നയിക്കേണ്ട മുസ്‌ലിം സമൂഹം ഈ രംഗത്ത്‌ അതീവ ജാഗ്രത പുലര്‍ത്തിയേ പറ്റൂ. ലാളനയും വാത്സല്യവും സ്‌നേഹവും പരിഗണനയും കൊടുത്തുകൊണ്ടു തന്നെ മക്കളെ വളര്‍ത്തണം. ശാസനയും ഉപദേശവും അതിന്റെ കൂടെയുണ്ടാവണം. ശിക്ഷയല്ല ശിക്ഷണമാണാവശ്യം. ആധുനിക മനശ്ശാസ്‌ത്രത്തിന്റെ കണ്ടെത്തല്‍ ഇസ്‌ലാമിന്റെ കാഴ്‌ചപ്പാടിനെ തികച്ചും അനുകൂലമാണ്‌. അതായത്‌ കുട്ടികള്‍ക്ക്‌ ചൊല്ലിപ്പഠിക്കുന്നതിനെക്കാള്‍ കണ്ടും അനുഭവിച്ചും അറിയാനുള്ള അവസരങ്ങള്‍ നല്‌കുകയാണ്‌ വേണ്ടത്‌. അവരുടെ മുന്നില്‍ ഉത്തമമാതൃകകള്‍ ഉണ്ടാവണം. മാതാപിതാക്കളും മുതിര്‍ന്നവരും മാതൃകയായിരിക്കണം. വീട്ടിനകത്ത്‌ നന്മയുടെ മാതൃകയും പുറത്തിറങ്ങാറാകുമ്പോള്‍ സംസ്‌കാരമുള്ള കൂട്ടായ്‌മകളില്‍ ചേരുകയും ചെയ്യാനിടയായാല്‍ പരിധി വിടാതിരിക്കാന്‍ അത്‌ സഹായകമായിത്തീരും. മതവിദ്യാഭ്യാസമെന്ന ഔപചാരിക പ്രക്രിയ പൂര്‍ത്തിയാക്കി, കിട്ടിയ സര്‍ട്ടിഫിക്കറ്റ്‌ ഫ്രെയിം ചെയ്‌ത്‌ ചുമരില്‍ തൂക്കി നിര്‍വൃതിയടയുന്നതിനു പകരം പഠിച്ചത്‌ കാണാനും കണ്ടത്‌ പകര്‍ത്താനും കുട്ടികള്‍ക്ക്‌ അവസരമൊരുക്കണം. കുട്ടികള്‍ക്ക്‌ സ്‌നേഹവും സ്വാതന്ത്ര്യവും വേണം. പക്ഷേ, താന്‍ നിയന്ത്രണങ്ങള്‍ക്ക്‌ വിധേയനല്ല എന്ന തോന്നല്‍ മക്കളില്‍ വളര്‍ന്നുകൂടാ. അസമയത്ത്‌ ടി വി ഓഫ്‌ ചെയ്യാന്‍ പറഞ്ഞതിന്‌, മൊബൈല്‍ വാങ്ങിക്കൊടുക്കാത്തതിന്‌ നാടുവിടുക, ബസ്‌സ്റ്റോപ്പില്‍ പരിചയപ്പെട്ടവരെ കല്യാണം കഴിക്കണമെന്ന്‌ വാശിപിടിക്കുക തുടങ്ങിയ പ്രവണതകള്‍ ഒരു നിയന്ത്രണത്തിനും താന്‍ വിധേയനായിക്കൂടാ എന്ന കാഴ്‌പ്പാടില്‍ നിന്നുള്ളതാണ്‌.



 ഏഴുവയസ്സില്‍ നമസ്‌കാരം ശീലിപ്പിക്കാനും പത്തു വയസ്സായാല്‍ നിര്‍ബന്ധപൂര്‍വം പ്രേരിപ്പിക്കാനുമുള്ള പ്രവാചക നിര്‍ദേശങ്ങള്‍ തലമുറയെ വാര്‍ത്തെടുക്കുന്നതിന്റെ മഹത്തായ മാതൃകയാണ്‌. ഒറ്റ വാക്കില്‍ രക്ഷിതാക്കളോട്‌ പറയാനുള്ളത്‌ മക്കളെ കയറൂരി വിടാതിരിക്കുക എന്നു മാത്രമാണ്‌

No comments:

Post a Comment